Sunday, December 29, 2024
spot_img

നടിയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് രഞ്ജിത്ത്

തിരുവനന്തപുരം∙ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന ര‍ഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പിന്തുണയ്ക്കുകയാണു ചെയ്തത്. വിമർശനം കടുത്തതോടെ സർക്കാർ കേന്ദ്രങ്ങൾ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രാജിസന്നദ്ധത രഞ്ജിത്ത് അവരെ അറിയിച്ചു. സിദ്ധിഖ് രാജിവച്ചതോടെ രഞ്ജിത്തും രാജിക്കത്തു സർക്കാരിനു കൈമാറി. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും രഞ്ജിത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. ചലച്ചിത്രമേള ഡിസംബറിൽ ആരംഭിക്കാനിരിക്കെയാണു രഞ്ജിത്തിന്റെ രാജി.

പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്നു സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം. ബംഗാളിലിരുന്നു നിയമനടപടികൾ സ്വീകരിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇടതു സഹയാത്രികയായ ശ്രീലേഖ പറ‍ഞ്ഞിരുന്നു.

താൻ ഇരയാണെന്നായിരുന്നു ആരോപണങ്ങളോടു രഞ്ജിത്തിന്റെ പ്രതികരണം. ‘പാലേരി മാണിക്യ’ത്തിൽ അഭിനയിക്കാനല്ല ഓഡിഷനുവേണ്ടിയാണു ശ്രീലേഖയെ വിളിച്ചുവരുത്തിയത്. അവരുടെ പ്രകടനം തൃപ്തികരമായി തോന്നിയില്ല. എന്നോട് ഒരു സിഗരറ്റ് വാങ്ങി വലിച്ചു എന്നതിനപ്പുറം അവരോട് അടുത്ത് പെരുമാറേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ല. അഭിനയത്തിൽ ഞങ്ങൾ തൃപ്തരല്ലെന്ന കാര്യം പിറ്റേന്നു തന്നെ സഹസംവിധായകൻ ശങ്കർ രാമകൃഷ്ണൻ അവരെ അറിയിക്കുകയും ചെയ്തു. അപ്പോൾ അവർ ശങ്കറിനോട് ക്ഷോഭിച്ചു സംസാരിച്ചതായി അറിഞ്ഞിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു വിവാദം ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണ്. ഇവിടെ ഞാൻ ഇരയും അവർ വേട്ടക്കാരിയുമാണ്. അവർ നിയമപരമായി നീങ്ങിയാൽ, ഞാൻ ആ വഴിക്കുതന്നെ അതിനെ നേരിടുമെന്നും രഞ്ജിത് വ്യക്തമാക്കിയിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂