കോഴിക്കോട്: ചൂരൽമല ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് തിരിച്ചുവരാനാവാതെ വയനാട് വിനോദസഞ്ചാരമേഖലയും. ദുരന്തബാധിതപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ജനജീവിതം
കോഴിക്കോട്: ചൂരൽമല ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് തിരിച്ചുവരാനാവാതെ വയനാട് വിനോദസഞ്ചാരമേഖലയും. ദുരന്തബാധിതപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ജനജീവിതം സാധാരണനിലയിലായിട്ടും സഞ്ചാരികളാരും എത്തുന്നില്ല. 22 ദിവസംകൊണ്ട് ഇരുപതിലധികം കോടിരൂപയുടെ നഷ്ടമാണ് വിനോദസഞ്ചാരസംരംഭകർക്കും അനുബന്ധമേഖലയ്ക്കും മാത്രമുണ്ടായത്.ബുക്കിങ് റദ്ദുചെയ്തതിലൂടെമാത്രം മൂന്നുകോടിയുടെ നഷ്ടമെങ്കിലുമുണ്ടാവുമെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് കെ.ആർ. വാഞ്ചീശ്വരൻ പറയുന്നു.
മഴക്കാലമായിട്ടുകൂടി ഇത്തവണ റിസോർട്ടുകളിലും ഹോട്ടലുകളിലും ശരാശരി 40 ശതമാനംവരെ ബുക്കിങ് ആയിരുന്നു. 90 ശതമാനംവരെ ബുക്കിങ് ലഭിച്ച റിസോർട്ടുകളുമുണ്ട്. മിക്കയിടത്തും ബുക്കിങ്ങുകൾ പൂർണമായി റദ്ദാക്കപ്പെട്ടു. വയനാട് സുരക്ഷിതമല്ല എന്നുഭയന്ന് പിൻവാങ്ങുകയാണ് പലരും. മേപ്പാടി പഞ്ചായത്തിലെ രണ്ടുവാർഡുകളിൽ മാത്രമാണ് നാശംവിതച്ചതെങ്കിലും ദുരന്തത്തിന്റെ വ്യാപ്തിയാണ് ഈ തിരിച്ചടിക്ക് കാരണം.