കോഴിക്കോട് : ബീച്ചിൽ നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള സാധനങ്ങളുടെ കവർച്ച പതിവാകുന്നു. വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ, സ്വർണം, പണം, ലാപ്ടോപ്പ് എന്നിവ നഷ്‌ടപ്പെട്ടതായാണ് പരാതി.
വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ജനുവരി ഒന്നുമുതൽ ഈ ആഴ്‌ച ഇതുവരെയായി 14 കേസുകൾ രജിസ്റ്റർ ചെയ്‌തു. ഇതിൽ 10 പരാതികളും ഒരേസ്ഥലത്ത് നിർത്തിയിട്ട വാഹനങ്ങളിൽ നടന്ന കവർച്ചയാണ്.
കേസ് രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങൾ ഇതിലും കൂടുതലാണ്. വിലപിടിപ്പില്ലാത്ത സാധനങ്ങൾ നഷ്ടപ്പെട്ടവർ പരാതിനൽകാതെ പോവുകയാണ്. വിലപിടിപ്പുള്ള വസ്‌തുക്കളാണെങ്കിൽ മാത്രമേ പരാതിക്കാർ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടാറുള്ളൂവെന്ന് പോലീസ് അറിയിച്ചു. വൈകീട്ടുമുതൽ രാത്രിവരെയുള്ള സമയങ്ങളിലാണ് മോഷണം പതിവാകുന്നത്.
സ്കൂട്ടർയാത്രക്കാരുടെ സാധനങ്ങളാണ് കൂടുതലും നഷ്ട്‌ടപ്പെട്ടത്. സ്‌കൂട്ടറിന്റെ ഡിക്കിക്കടിയിൽവെച്ച സാധനങ്ങളാണ് ഭൂരിഭാഗവും മോഷ്‌ടിച്ചത്. ബീച്ചിൽ എത്തുന്നവർ അധികംപേരും കടലിൽ ഇറങ്ങുന്നവർ കൂടിയാണ്. ഇവർ വിലപിടിപ്പുള്ള വസ്തുക്കൾ നനയാതിരിക്കാൻ സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിക്കുന്നു. കാറിന്റെ ഗ്ലാസുകൾ താഴ്ത്തിയിട്ട് പോകുന്നവരുമുണ്ട്. വയനാട് സ്വദേശിയുടെ ഒരു പവൻ മാല തിങ്കളാഴ്ച ബീച്ചിൽ നിന്ന് മോഷ്ടിച്ചു. കാറിൽ സൂക്ഷിച്ചതായിരുന്നു ഇത്.
താക്കോൽ സ്‌കൂട്ടറിൽ വച്ച് പോകുന്നവർ വരെ ഇക്കൂട്ടത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. കവർച്ച പെരുകിയതോടെ ഇവരെ പിടികൂടാൻ മഫ്ടിയിൽ ഇവിടെ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്ന് വെള്ളയിൽ പോലീസ് വ്യക്തമാക്കി.