തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി.തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനയോടെ സംസ്‌കരിച്ചു. നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും ഇന്നലെ 5 ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 415 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്.