കോടഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡിൽ പൂക്കോട്ടിപ്പടി- പനച്ചിക്കൽ താഴെ റോഡിൽ പുതിയ കലുങ്ക് പണിതിട്ട് രണ്ടു വർഷമായിട്ടും അപ്രോച്ച് റോഡ് നിർമിക്കാതെ കിടക്കുന്നു.2019-20 സാമ്പത്തിക വർഷം എം.എൽ.എ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചത് കലുങ്കും അനുബന്ധ റോഡും പണിയുന്നതിനാണ്. അനുവദിച്ച തുക കൊണ്ട് കലുങ്കുപണി പൂർത്തിയായില്ല. വീണ്ടും 30 ലക്ഷം കൂടി അനുവദിച്ചു. പിന്നീട് ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ച് അപ്രോച്ച് റോഡ് പണിയുന്നതിന് ടെൻഡർ ചെയ്തെങ്കിലും തുടർ നടപടി ഉണ്ടായില്ല.
60 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഈ കലുങ്ക് അഞ്ചു മീറ്റർ വീതിയുള്ള തോട്ടിലാണ് ഉണ്ടാക്കിയിരിക്കുന്നത്. 5 മീറ്റർ വീതിയുള്ള തോട്ടിൽ നിർമ്മിച്ച ഈ കലുങ്കിന്റെ നിർമ്മാണത്തിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതുവരെയും ഈ കലുങ്കിന്റെ അപ്രോച്ച് റോഡിന്റെ നിർമാണം കരാറുകാരൻ പൂർത്തിയാക്കിയിട്ടില്ല. അച്ഛൻ കടവ് ഭാഗത്തുനിന്ന് വേളങ്കോട് ഭാഗത്തേക്ക് എളുപ്പം എത്തിച്ചേരാനുള്ള ഒരു പാതയായിരുന്നു ഇത് പല സ്കൂൾ ബസുകൾക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു പാതയിലാണ് കലുങ്ക് നിർമ്മാണം പൂർത്തീകരിച്ചത്. ഇത്രയും തുക ചെലവഴിച്ച് നിർമ്മിച്ച കലുങ്കിന്റെ പണിയിൽ ഇപ്പോൾ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് കലുങ്കിന്റെ നിർമ്മാണം പൂർത്തീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.