തിരുവനന്തപുരം : 25 കോടിയുടെ ഓണം ബമ്പര്‍ ലോട്ടറിയടിച്ച കര്‍ണാടക സ്വദേശി അല്‍ത്താഫ്, സമ്മാനാര്‍ഹമായ ടിക്കറ്റ് കല്‍പ്പറ്റയിലെത്തി ബാങ്കില്‍ ഏല്‍പ്പിച്ചൊക്കെ കഴിഞ്ഞു. ലോട്ടറി വകുപ്പിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ സമ്മാനത്തുക അല്‍ത്താഫിന്റെ അക്കൗണ്ടിലെത്തും.
അടിച്ചത് 25 കോടിയാണേലും വഴിനീളെ നികുതിയും കമ്മീഷനുമുള്ളതിനാല്‍ മുഴുവന്‍ കാശും ഏതായാലും ഭാഗ്യശാലിക്ക് കിട്ടില്ലാന്ന് അറിയാലോ. 25 കോടിയില്‍ പിടുത്തമെല്ലാം കഴിഞ്ഞ് എത്ര കാശ് അല്‍ത്താഫിന് കിട്ടും?
ലോട്ടറി വകുപ്പിന്റെ പറച്ചിലില്‍ ഒന്നാം സമ്മാനം 25 കോടിയൊക്കെയാണേലും ഏകദേശം അതിന്റെ പകുതി പണം മാത്രമേ അല്‍ത്താഫിന് കിട്ടു. കൃത്യമായി പറഞ്ഞാല്‍ 12.8 കോടി രൂപ. 25 കോടിയില്‍ നിന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റവര്‍ക്കുള്ള ഏജന്‍സി കമ്മിഷനായി സമ്മാന തുകയുടെ 10 ശതമാനമായ 2.5 കോടി രൂപ പോകും. കമ്മീഷന്‍ കഴിച്ചുള്ള ബാക്കി തുകയ്ക്ക് നികുതിയായി 30 ശതമാനവും നല്‍കണം. ആ വഴിക്കുതന്നെ 6.75 കോടി പോയി.
ഇതുംകൂടാതെ നികുതിത്തുകയ്ക്ക് സര്‍ചാര്‍ജുണ്ട്. അതും ഭാഗ്യശാലീടേ പോക്കറ്റീന്ന് തന്നെ അടയ്ക്കണം. ഇപ്പറഞ്ഞ സര്‍ചാര്‍ജ് 37 ശതമാനമാണ്. 2.49 കോടി രൂപ ആ വഴിക്കും പോകും. അവിടേയും തീര്‍ന്നില്ല. അതുകഴിഞ്ഞ് നികുതിയും സര്‍ചാര്‍ജും ചേര്‍ന്നുള്ള തുകയ്ക്ക് ആരോഗ്യ വിദ്യാഭ്യാസ സെസ് 4 ശതമാനം അടയ്ക്കണം. ഏകദേശം 38 ലക്ഷം രൂപയോളം വരുമിത്. ഇതെല്ലാം കഴിഞ്ഞ് ബാക്കിയുള്ള 12.8 കോടി രൂപ അല്‍ത്താഫിന് ഇഷ്ടംപോലെ ചെലവാക്കാം.