തിരുവനന്തപുരം: മട്ടാഞ്ചേരി സ്മാർട്ട് കിസ്ഡ് പ്ലേ സ്‌കൂളിൽ മൂന്നര വയസ്സുകാരനെ മർദ്ധിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി(crime). സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകൾ പാലിക്കാതെ ചില വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരി പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു.
ഈ സ്‌കൂളിൽ സീതലക്ഷ്മി എന്ന അധ്യാപിക പ്രീ-കെജി യിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ചൂരൽ വടി കൊണ്ട് മർദ്ദിച്ചു എന്ന സംഭവം ശ്രദ്ധയിൽപ്പെട്ടു. ഈ സംഭവം അധ്യാപക വൃത്തിക്ക് അപമാനകരമാണ്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപികയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
മട്ടാഞ്ചേരി സ്മാർട്ട് കിഡ്‌സ് പ്ലേ സ്‌കൂളിൻ്റെ പ്രവർത്തനം നിർത്തി വെയ്ക്കാൻ നോട്ടീസ് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. വിദ്യാഭ്യാസ അവകാശ നിയമം 2009 സെക്ഷൻ 18 പ്രകാരവും കേരള വിദ്യാഭ്യാസ ആക്ട് 1958 സെക്ഷൻ 3 (iii)(b) and (c) പ്രകാരവും കേരള വിദ്യാഭ്യാസ റൂൾസ് അധ്യായം 5 റൂൾ (3) പ്രകാരവും തുടർ നടപടി സ്വീകരിക്കും.