കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ സംയുക്തമായി ക്യാൻസർ രോഗികൾക്ക് വേണ്ടി ‘കേശദാനം’ പരിപാടി സംഘടിപ്പിച്ചു.അവയവദാനം പോലെ തന്നെ മഹത്തരമായ സന്ദേശമാണ് കേശദാനവും നൽകുന്നത്.
കാൻസർ രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയുന്നു.ഇത് രോഗികൾക്ക് വലിയ മനോവിഷമത്തിനും സ്വയം ഒതുങ്ങി കൂടുന്നതിനും കാരണമാകുന്നു.ഇങ്ങനെ മുടി നഷ്ടപ്പെടുന്നവര്‍ക്കുള്ള സാന്ത്വനമായ ‘കേശദാനം’ പദ്ധതിയുടെ മഹത്വം മനസ്സിലാക്കി വിഗ്ഗ് നിർമ്മിക്കുന്നതിനായി പന്ത്രണ്ട് സുമനസ്സുകൾ മുടി മുറിച്ചു നൽകി മാതൃകയായി.
സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഗൈഡ് വിദ്യാർത്ഥിനിയായ ആരതി രാജൻ്റെ മുടി മുറിച്ച് ‘കേശദാനം പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് എന്നിവർ ‘കേശദാനം മഹാദാനം’ പരിപാടിക്ക് ആശംസയർപ്പിച്ചു സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസിൻ്റെ മകൾ അഹാന വിജോയി,അദ്ധ്യാപികയായ ലീന സക്കറിയാസ്,അപർണ്ണ എം,മെറിൻ അജി,ശ്രേയ ബിനോയി,അലീന സിജു, എയ്ഞ്ചൽ ദേവസ്യ,സാന്ദ്ര സജി,സോന മോൾ ലോബി,ജിഷ ലോബി,സൗമ്യ സിജു എന്നിവരാണ് ക്യാൻസർ രോഗികൾക്ക് സഹായഹസ്തമേകാൻ മുടി ദാനം ചെയ്ത് സമൂഹത്തിനൊരു സന്ദേശം നൽകിയത്.
സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു,സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.