തിരുവമ്പാടി: പുല്ലൂരംപാറയിലെ കാളിയാമ്പുഴ വളവിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ സംഭവത്തിൽ, വാഹനത്തിന്റെ ഫിറ്റ്നസിനും അപകടത്തിന്റെ കാരണങ്ങൾക്കും വിശദീകരണവുമായി കൊടുവള്ളി ജോയിന്റ് ആർടിഒ ബിജോയ്. ബസ് മെക്കാനിക്കലായി ഫിറ്റാണെന്നും, ടയറിലോ ബ്രേക്ക് സിസ്റ്റത്തിലോ ഒരു തകരാറും കണ്ടെത്തിയിട്ടില്ലെന്നും, 2025 ഏപ്രിൽ 4 വരെ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അപകടസമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയി എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബിജോയ് പറഞ്ഞു. . അപകടം സംഭവിക്കുന്നതിന് മുന്നേ 100 മീറ്റർ മുമ്പ് മറ്റൊരു വലിയ വാഹനത്തിന് ബസ് സൈഡ് കൊടുത്തിട്ടുണ്ടെന്നും അതിന്റെ ടയർപ്പാടുകൾ പോലീസിന് ലഭിച്ചതായും അദ്ദേഹം വിശദീകരിച്ചു. ഡ്രൈവറുടെ മൊഴിയെടുത്തിട്ടില്ലാത്തതിനാൽ അപകടത്തിന്റെ ശരിയായ കാരണം വ്യക്തമല്ല.
അപകടം സംഭവിച്ച സ്ഥലത്ത് പാലത്തിനു കൈവരി ഇല്ലാത്തതും ഒരു പ്രധാന പ്രശ്നമാണെന്ന് ബിജോയ് കൂട്ടിച്ചേർത്തു.
ഇതിനിടെ, ബസ്സിന്റെ ഇൻഷുറൻസ് ചർച്ചകൾ ഇപ്പോൾ ആരംഭിച്ചിട്ടില്ലെങ്കിലും, എല്ലാ യാത്രക്കാർക്കും ഇൻഷുറൻസ് ഉറപ്പാക്കിയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കക്കാടം പൊയിൽ KSRTC ബസിന് ബ്രേക്ക് കിട്ടാത്ത പ്രശ്നവും അന്വേഷണത്തിൽ പരിഗണിക്കപ്പെട്ടിട്ടുണ്ട്. KSRTC, RTO, പോലീസും ചേർന്നുള്ള സർവ കക്ഷി യോഗം ചേർന്ന് ഇത്തരം പ്രശ്നങ്ങളെ കുറിച്ച് പ്രാഥമികമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.