ഇസ്രായേലിനെത്തിയ പോരാടാനും ഹിസ്ബുള്ളയുടെ യുദ്ധത്തിൽ അവരെ സഹായിക്കാനും മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഹിസ്ബുള്ള നേതാവ് ഹസൻ നസറുള്ളയെ കൊന്നതായി ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ആക്രമണത്തിന് പ്രേരിപ്പിച്ചുകൊണ്ട് ആയത്തുല്ല അലി ഖമേനി ഈ ആഹ്വാനം നടത്തിയത് എന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
“ഈ പ്രദേശത്തിൻ്റെ വിധി നിർണ്ണയിക്കുന്നത് പ്രതിരോധ ശക്തികളായിരിക്കും, ഹിസ്ബുള്ള മുൻനിരയിലായിരിക്കും,” ആയത്തുള്ള പറഞ്ഞതായി സ്റ്റേറ്റ് മീഡിയ വെളിപ്പെടുത്തി. ഒപ്പം ഉയർന്ന സുരക്ഷാ സംവിധാനങ്ങളോടെ അദ്ദേഹത്തെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ടെഹ്‌റാനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി എന്ന് റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച തെക്കൻ ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്‌ബുള്ള ഭീകര തലവൻ ഹസൻ നസറുള്ളയെ വധിച്ചതായി ഇസ്രായേൽ പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത ഘട്ടം നിർണ്ണയിക്കാൻ ലെബനനിലെ ഹിസ്ബുള്ളയുമായും മറ്റ് പ്രാദേശിക പ്രോക്‌സി ഗ്രൂപ്പുകളുമായും ഇറാൻ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വിവിധ സ്രോതസ്സുകൾ വ്യക്തമാക്കുന്നു.