കോഴിക്കോട്: സിറ്റി ഗ്യാസ് പദ്ധതിയിലൂടെ 3,500 വീടുകളിൽ പ്രകൃതിവാതകം വിതരണംചെയ്തുതുടങ്ങി. 18,000 വീടുകളിൽ വിതരണത്തിനുള്ള രജിസ്‌ട്രേഷൻ കഴിഞ്ഞതോടെ ഇനി വൈകാതെ തന്നെ അവിടങ്ങളിലും ഗ്യാസ് എത്തും.
ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കിഴക്കോത്ത്, കാക്കൂർ തുടങ്ങിയ പഞ്ചായത്തുകളിലാണ് പാചകവാതകവിതരണം തുടങ്ങിയതും പ്രവൃത്തി പുരോഗമിക്കുന്നതും. അതിന്റെഭാഗമായി 462 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചു. ഇതിലൂടെയാണ് 3,500 വീടുകളിൽ ഗ്യാസെത്തിയത്.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഗ്യാസ് വിതരണംചെയ്യുന്നതിന്റെ ഭാഗമായുള്ള സ്റ്റീൽ പൈപ്പിടൽ 60 കിലോമീറ്റർ പൂർത്തിയായി. ഇതിൽത്തന്നെ 32 കിലോമീറ്റർ നഗരത്തിലെ പ്രധാനഭാഗങ്ങളിലാണ്. വരട്ടിയാക്കൽ വരെയുള്ള ദൂരം അടുത്ത ആഴ്ച ഗ്യാസ് ഇൻ (ഗ്യാസ് നിറയ്ക്കൽ) ചെയ്യുന്നതോടെ ആകെ 26 കിലോമീറ്റർ കമ്മിഷനാകും.
പൈപ്പിടൽ ബാക്കിയായിരുന്ന വരട്ടിയാക്കൽ മുതൽ സി.ഡബ്ല്യു.ആർ.ഡി.എം. വരെയുള്ള ദൂരം (മിൽമ വഴി) റോഡ് കീറുന്നതിനുള്ള അനുവാദം ഉടൻ ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. അതോടെ കമ്മിഷനിങ് ചെയ്ത പൈപ്പ്‌ലൈൻ, പ്രവൃത്തി അവസാനഘട്ടത്തിലായ കോർപ്പറേഷൻ മേഖലയുമായി ബന്ധിപ്പിക്കും.