മലപ്പുറം: പി.വി അൻവർ എംഎൽഎയെ സ്വാഗതം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ നിലമ്പൂർ മണ്ഡലം പ്രസിഡന്റിനോട് മുസ്‌ലിം ലീഗ് വിശദീകരണം തേടും. മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരിയാണ് അൻവറിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അൻവറിന്റെ അഭിപ്രായങ്ങൾ ലീഗും കോൺഗ്രസും നേരത്തെ തന്നെ പറയുന്നതാണെന്നും ഇത് സത്യമാണെന്ന് തിരിച്ചറിഞ്ഞ പഴയ കോൺഗ്രസുകാരനായ അൻവർ അതിന്റെ കൂടെ നിൽക്കാൻ തയ്യാറാവണമെന്നും ദുഷ്ടശക്തികൾക്കെതിരെ ഒരുമിച്ച് പോരാടാം എന്നുമാണ് ഇഖ്ബാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
പോസ്റ്റ് വാർത്തയായതോടെ യുഡിഎഫ് നേതൃത്വം തന്നെ ഇത് തള്ളി. ഇതിനിടെ മാധ്യമങ്ങളെ കണ്ട പി.കെ കുഞ്ഞാലിക്കുട്ടി ഇഖ്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അതൃപ്തി രേഖപ്പെടുത്തി. അൻവറിനെ മുന്നണിയുടെ ഭാഗമാക്കില്ല എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇതിനിടെ ഇഖ്ബാൽ മുണ്ടേരി നേതൃത്വത്തിന്റെ നിർദേശപ്രകാരം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ഇഖ്ബാൽ മുണ്ടേരിയുടെ മറുപടി ലഭിച്ച ശേഷം അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന. ലീഗ് നേതൃത്വത്തിലുള്ള പാണക്കാട് കുടുംബത്തിനെതിരെ അടക്കം രൂക്ഷ വിമർശനമുന്നയിക്കുന്ന ആളാണ് പി.വി അൻവർ. ലീഗ് നേതാക്കൾക്കെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന അൻവറിനെ ഒരു നിലക്കും പാർട്ടിയുടെ ഭാഗമാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല. ഇഖ്ബാലിന്റെ പോസ്റ്റ്അനവസരത്തിലായിപ്പോയി എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.