നാദാപുരം : വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമാക്കി നാദാപുരം മേഖലയിൽ മയക്കുമരുന്ന് സംഘങ്ങൾ സജീവം. കഴിഞ്ഞയാഴ്‌ച നാദാപുരം വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടിയ എം.ഡി.എം.എ. കേസുകളുടെ അന്വേഷണത്തിലാണ് മയക്കുമരുന്ന് സംഘങ്ങൾ മേഖലയിൽ കൂടുതൽ പിടിമുറുക്കിയതായി പോലീസ് കേന്ദ്രങ്ങൾക്ക് വിവരം ലഭിച്ചത്. മയക്കുമരുന്ന് സംഘങ്ങളുടെ സാന്നിധ്യം വിദ്യാർഥികളിൽ വ്യാപകമായിട്ടും അതിന്റെ ഗൗരവം സ്‌കൂൾ, കോളേജ് അധ്യാപകരിലും പി.ടി.എ.കളിലും വരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ആറ് മാസത്തിനിടെ നാദാപുരം വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ. പിടികൂടിയ കേസുകൾ 15-ഓളം വരുമെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പ്രധാന ലക്ഷ്യം വിദ്യാർഥികളും യുവാക്കളുമാണ്. ലഹരിമാഫിയ കഞ്ചാവ് വിൽപ്പനയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. എന്നാൽ, എം.ഡി.എം.എ.യുടെ വിൽപ്പനയ്ക്ക് സ്കൂൾ, കോളേജ് വിദ്യാർഥികളെയാണ് ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പാറക്കടവ് പാലത്തിനടുത്ത് വാഹനപരിശോധനയ്ക്കിടെ 32.62 ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും പോലീസ് പിടികൂടിയിരുന്നു
കല്ലാച്ചി, നാദാപുരം, പാറക്കടവ് ഭാഗങ്ങളിൽ എം.ഡി.എം.എ. വിതരണം നടത്തി വരുന്നതിനിടെയാണ് പോലീസിന്റെ വലയിൽ വീണത്. പോലീസ് പിടികൂടിയ യുവാവ് വയനാട്ടിൽ എം.ഡി.എം.എ. പിടികൂടിയ കേസിലെ പ്രതികൂടിയാണ്. ഹണിട്രാപ്പ് അടക്കമുള്ള പ്രവൃത്തികളും മയക്കുമരുന്ന് മാഫിയാ സംഘം ഉപയോഗപ്പെടുത്തുന്നതായാണ് പോലീസിന് ലഭിച്ച വിവരം. സ്കൂളുകളിലും കോളേജുകളിലും ആഘോഷപരിപാടികളുടെ മറവിലാണ് മയക്കുമരുന്ന് വിൽപ്പന കൂടുതൽ നടക്കുന്നത്. മയക്കുമരുന്ന് സംഘങ്ങളോടൊപ്പം ബെംഗളൂരുവിലേക്കുപോലും പോകുന്ന വിദ്യാർഥിസംഘങ്ങൾ വരെയുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. പലപ്പോഴും പോലീസിന്റെ വാഹന പരിശോധനയിലാണ് ഇത്തരം സംഘങ്ങൾ വലയിലാകുന്നത്.വ്യാപനം ഗൗരവത്തോടെ കാണുന്നുമയക്കുമരുന്ന് സംഘങ്ങൾ മേഖലയിൽ വ്യാപകമാകുന്നത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
ഇത്തരം സംഘങ്ങളെ കണ്ടെത്താനും വിദ്യാർഥികളെ രക്ഷപ്പെടുത്താനും സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണം അത്യാവശ്യമാണ്. ഇതിനായി അധ്യാപകരുടെയും പി.ടി.എ.യുടെയും പൂർണപിന്തുണ പോലീസ് തേടുകയാണ്. ലഹരിവിൽപ്പന നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനെ അറിയിക്കാനുള്ള താത്പര്യം ജനങ്ങളും കാണിക്കണം. ഇതിനായി പോലീസിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.