ഡല്‍ഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഇതോടെ കെജ്‌രിവാൾ ജയിൽമോചിതനാകും. സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. നേരത്തേ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 21നായിരുന്നു ഇ ഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഈ വിധി ചോദ്യം ചെയ്ത് കൊണ്ടാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അതിനുശേഷം ജയിലില്‍ കഴിയുകയായിരുന്ന കെജ്‌രിവാളിന് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മേയ് പത്തിനായിരുന്നു അദ്ദേഹം ജയില്‍ മോചിതനായത്. ജൂണ്‍ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യം.കസ്റ്റഡിയില്‍ ഇരിക്കെ ജൂൺ 26ന് സിബിഐയും അറസ്‌റ്റ് രേഖപ്പെടുത്തി. സിആർപിസി 41 എ പ്രകാരം ചോദ്യംചെയ്യാൻ അനുവാദം വാങ്ങിയ ശേഷം സിബിഐ അറസ്‌റ്റ് ചെയ്യുകയായിരുന്നെന്ന് അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി അന്ന് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. സിആർപിസി 41 എയിൽ അറസ്റ്റ് ആവശ്യമില്ലാത്ത ചോദ്യംചെയ്യലിനാണ് അധികാരം നൽകുന്നത്.ഇ ഡി കേസിൽ ജാമ്യം ലഭിച്ചാലും കെജ്‌രിവാള്‍ പുറത്തിറങ്ങരുതെന്ന നിർബന്ധ ബുദ്ധിയോടെയായിരുന്നു സിബിഐ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ സെപ്‌തംബർ അഞ്ചിന് വാദം കേട്ട സുപ്രീംകോടതി വിധി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു