തിരുവനന്തപുരം: പി.വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾ പൂർണമായി നിഷേധിച്ച് എഡിജിപി എം.ആര്‍ അജിത് കുമാര്‍. തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകൾക്കെതിരെ നടപടിയെടുത്തതിന്‍റെ പകയാണ് അന്‍വറിന്‍റെ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് അജിത് കുമാര്‍ ആരോപിച്ചു. എംഎല്‍എയ്ക്കു പിന്നില്‍ മാഫിയ സംഘങ്ങളുണ്ടെന്നും ഡിജിപിക്ക് നൽകിയ മൊഴിയില്‍ എഡിജിപി ആരോപിച്ചിട്ടുണ്ട്.
തനിക്കെതിരായ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമെന്നാണ് അജിത് കുമാര്‍ വാദിച്ചത്. സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് മാഫിയകൾ, നിരോധിത സംഘടനകൾ എന്നിവർ പി.വി അൻവറിന് പിന്നിലുണ്ടെന്ന് എഡിജിപി ആരോപിച്ചു. ഇവർക്കെതിരെ താൻ നടപടിയെടുത്തതിന്റെ പക തീർക്കുകയാണിപ്പോള്‍. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ചാൽ ഉന്നയിച്ചവർക്കെതിരെ നടപടി വേണമെന്നും താൻ നൽകിയ കത്തിലെ വിവരങ്ങൾ അന്വേഷിക്കണമെന്നും അജിത് കുമാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഡിജിപി ചോദിച്ചില്ലെന്നാണു വിവരം. പി.വി അൻവർ നൽകിയ പരാതികൾ മാത്രമാണു ചോദ്യംചെയ്യലില്‍ വിഷയമായത്. ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ പ്രത്യേകം മൊഴിയെടുക്കും. ചോദ്യാവലി നൽകി മൊഴി എഴുതിവാങ്ങാനും നീക്കമുണ്ട്. എന്നാല്‍, വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല.അതിനിടെ, എഡിജിപി എം.ആർ അജിത് കുമാറിന്റെ മൊഴിയും പി.വി അൻവർ നേരിട്ട് നൽകിയ പരാതിയുടെ വിശദാംശങ്ങളും സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. മുഖ്യമന്ത്രി ഡൽഹിയിലേക്കു പോയതിനാൽ കൂടിക്കാഴ്ച അടുത്ത ദിവസം നടക്കാനാണ് സാധ്യത. ഡിജിപിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് വരുംദിവസങ്ങളിൽ ഉണ്ടാകാനേ സാധ്യതയുള്ളൂ.
എഡിജിപിക്കെതിരെ തെളിവുകളില്ലാതെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചാൽ നിയമപരമായി ചോദ്യംചെയ്യപ്പെടുമെന്ന ആശങ്ക സർക്കാരിനുണ്ട്. ഭരണതലത്തിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ ക്രമസമാധാന ചുമതലയിൽനിന്ന് അജിത് കുമാറിനെ നീക്കാം. അതിലേക്ക് എത്തിച്ചേരേണ്ട അവസ്ഥയിലേക്ക് മുന്നണിയിലെ സമ്മർദം വർധിക്കുന്നുണ്ട്. പി.വി അൻവർ ഡിജിപിക്കു നൽകിയ പരാതിയും പൊലീസ് പരിശോധിച്ചുവരികയാണ്. തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നായിരുന്നു അൻവറിന്റെ ഒരു ആവശ്യം. ഫോൺ ചോർത്തൽ, പൊതുജനങ്ങൾ നൽകുന്ന പരാതി അട്ടിമറിക്കൽ, സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസടക്കം അജിത് കുമാറിന്‍റെ കാലത്ത് നടന്ന പൊലീസിലെ പല വിഷയങ്ങളും രേഖാമൂലം തന്നെ അൻവർ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയിട്ടുണ്ട്. ഇതെല്ലാം പ്രത്യേക അന്വേഷണസംഘം പരിശോധിക്കും.