കോഴിക്കോട്:പത്രപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം ദില്ലിയിൽ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹ്‌മാന്‍ ആണ് പിടിയിലായത്. 2005 ജൂലൈയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് പത്രപ്രവര്‍ത്തകനായ ഷംസുദ്ധീനെ അബ്ദുള്‍ റഹ്‌മാനും സംഘവും ചേര്‍ന്ന് ആക്രമിച്ചത്. നടക്കാവ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ വിദേശത്തേക്ക് കടക്കുകയും യുഎഇയില്‍ എത്തി ഒത്മാന്‍ ഖാമിസ് ഓത്മാന്‍ അല്‍ ഹമാദി എന്ന് പേര് മാറ്റി പുതിയ പേരില്‍ പാസ്‌പോര്‍ട്ട് നിര്‍മിക്കുകയും ചെയ്തു. 16 വര്‍ഷത്തോളമായി അവിടെ ഒളിവില്‍ കഴിയുകയായിരുന്നു.