കോഴിക്കോട്:കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ പേരിൽ മലയോര മേഖലയിൽ അരക്ഷിതാവസ്ഥയും ഭയവും നിലനിർത്തി സ്ഥാപിത താത്പര്യങ്ങൾക്ക് സർക്കാർ കൂട്ട് നിൽക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ.
മനുഷ്യവാസ കാർഷിക മേഖലകളെ ഒഴിവാക്കിക്കൊണ്ട് അതിർത്തി നിശ്ചയിക്കും എന്ന പ്രഖ്യാപിത നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത് വഞ്ചനയാണ്. രണ്ട് തരം മാപ്പുകൾ പ്രസിദ്ധീകരിച്ചതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്. ഓരോ തവണയും പ്രസിദ്ധീകരിക്കുന്ന പുതിയ മാപ്പുകളിൽ ESA ദൈർഘ്യം വർദ്ധിപ്പിച്ച് മലയോര ഗ്രാമങ്ങളിലെ ചെറിയ അങ്ങാടികളും ആരാധനാലയങ്ങളും മറ്റ് സ്ഥാപനങ്ങളും കൂടി ഉൾപ്പെടുത്തുന്നത് നിക്ഷിപ്ത താത്പര്യങ്ങൾ കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര താത്പര്യങ്ങൾക്ക് സ്തുതി പാടലല്ല, കേരളത്തിൻ്റെ കാർഷിക സാമൂഹ്യ ജീവിതപരിസരങ്ങളെ സംരക്ഷിക്കുകയും വളർത്തുകയുമാണ് സംസ്ഥാന സർക്കാരിൻ്റെ ഉത്തരവാദിത്വം.
പിറന്ന മണ്ണും അദ്ധ്വാനിച്ച കൃഷിഭൂമിയും നഷ്ടപ്പെടും എന്നഅപകടകരമായ മനോനിലയിൽ മലയോര ജനതയെ എത്തിക്കുക. പരിസ്ഥിതിലോല മേഖലയെന്ന പശ്ചാത്തലമൊരുക്കി തുച്ഛമായ വിലക്ക് ഭൂമി സ്വന്തമാക്കാൻ മാഫിയകൾ രംഗത്തെത്തും. കൃഷിയും താമസവും സാധ്യമല്ലാത്ത ESA മേഖലകളിൽ പിന്നീട് ഖനനാനുമതി ലഭിക്കുക. പ്രകൃതിയിലുള്ള കടന്ന് കയറ്റം എല്ലാ സീമകളും ലംഘിച്ച് നടക്കുമ്പോൾ, എന്തു കൊണ്ട് അധികാരികൾ കാഴ്ചക്കാരാകുന്നു.പാറ-മണ്ണ് മടകൾ മലയോരങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കും. നിയന്ത്രണവും നിയമങ്ങളുമില്ലാതെ വിനോദ സഞ്ചാരത്തിൻ്റെ പേരിൽ നടക്കുന്ന കാർഷിക മേഖലയുടെ വാണിജ്യവൽക്കരണത്തിനും ഈ അരക്ഷിതാവസ്ഥ ആക്കം കൂട്ടം. പശ്ചിമഘട്ട മലകളോട് ചേർന്ന മനുഷ്യവാസ, കൃഷിഭൂമികൾ ഏതാണ്ടെല്ലാം തന്നെ വന്യമൃഗശല്യത്തിൽ തകർന്നടിയുമ്പോഴാണ് നാണ്യ , സുഗന്ധവ്യഞ്ജന ഉത്പ്പാദനത്തിൻ്റെ ഈ കാനാൻ ദേശത്ത് ESA ഭീഷണിയുമായി സർക്കാർ കടന്ന് കയറുന്നത്.
മലയോര കാർഷിക മേഖലയുടെ സുസ്ഥിരവും ദീർഘകാല അടിസ്ഥാനത്തിലുള്ളതുമായ വികസനം ലക്ഷ്യം വെച്ച് ESA പരിധി നിർണ്ണയത്തിൽ പ്രഖ്യാപിത മുൻനിലപാടിൽ ഉറച്ച് നിൽക്കാൻ കേരള സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം മലയോര ജനതയുടെ അതിജീവനത്തിനായുള്ള സമര പോരാട്ടങ്ങൾക്ക് കർഷക കോൺഗ്രസ് പ്രതിജ്ഞാബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.