Wednesday, January 1, 2025
spot_img

കക്കാടംപൊയില്‍ – കിണറടപ്പന്‍ റോഡ് ചെളിക്കളമായി: യാത്രാദുരിതം രൂക്ഷം, നാട്ടുകാര്‍ പ്രക്ഷോഭത്തിന്

കക്കാടംപൊയില്‍ : കക്കാടംപൊയില്‍ – പീടികപ്പാറ – പനമ്പിലാവ് – കിണറടപ്പന്‍ റോഡ് ചെളിക്കളമായി കാല്‍നടയാത്രയ്ക്ക് പോലും പറ്റാത്ത നിലയില്‍. പനമ്പിലാവ് മുതല്‍ പീടികപ്പാറ വരെയുള്ള റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വന്‍ കിടങ്ങുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് മൂന്നുവര്‍ഷമായിട്ടും അധികൃതര്‍ ഗൗനിക്കാത്തത് മലയോര, കുടിയേറ്റ നിവാസികള്‍ പ്രതിഷേധത്തിനിടയാക്കി യിരിക്കുകയാണ്.

അറ്റകുറ്റപ്പണികള്‍ പോലു നടത്താന്‍ കാലതാമസം നേരിടുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പി. ഡബ്ല്യു. ഡി മഞ്ചേരി ഡിവിഷന്റെ കീഴിലാണ് ഈ റോഡ്. ഏറനാട് നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന റോഡ് കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്.

മലയോര മേഖലകളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും, മഞ്ചേരി, അരീക്കോട്, മലപ്പുറം ഭാഗങ്ങളിലേക്കും എളുപ്പം എത്തിപ്പെടാനുതകുന്ന റോഡാണ് വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള പി. ഡബ്ല്യു. ഡി യുടെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ഉടനടി പരിഹാരം കാണാമെന്നും, മഞ്ചേരി പി. ഡബ്ല്യു. ഡി ഓഫീസിലേക്ക് ബന്ധപ്പെടുമ്പോള്‍ ഏറ്റവും അടുത്ത ദിവസം തന്നെ അല്ലെങ്കില്‍ മഴ കുറഞ്ഞാല്‍ ഉടന്‍ തന്നെ അറ്റകുറ്റപ്പടികള്‍ തുടങ്ങും എന്നുള്ള മറുപടികള്‍ മാത്രമാണ് വര്‍ഷങ്ങളായി ലഭിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

വെറ്റിലപ്പാറ, തോട്ടുമുക്കം, കൂമ്പാറ, അരീക്കോട്, മഞ്ചേരി ഭാഗങ്ങളിലേക്ക് നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ നിത്യേന ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ ഈ റോഡില്‍ കൂടി യാത്ര ചെയ്യരുതെന്ന് പി. ഡബ്ല്യു. ഡി എന്‍ജിനീയറുടെ ബോര്‍ഡ് റോഡിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങള്‍ സദാസമയവും ഓടിക്കൊണ്ടിരിക്കുന്നതും റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ റോഡ് പണി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭനീക്കത്തിലാണ് പനമ്പിലാവ് ജനകീയ വേദി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂