കൊൽക്കത്ത : ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നകേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റായ് മാനസികവൈകൃതം ബാധിച്ചയാളാണെന്ന് സി.ബി.ഐ. അന്വേഷണോദ്യോഗസ്ഥൻ വെളിപ്പെടുത്തി. മൃഗതുല്യമായ സ്വഭാവമാണ് ഇയാൾക്കുള്ളതെന്നും പ്രതിയുടെ മാനസികാവസ്ഥാ പഠനത്തിൽ വ്യക്തമായതായി അദ്ദേഹം പ്രതികരിച്ചു.
ന്യൂഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ ഡോക്ടർമാരെ ഉദ്ധരിച്ചാണ് സി.ബി.ഐ. ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പ്രതിക്ക് നടന്ന സംഭവം വിവരിക്കാൻ ഒരു പതർച്ചയും ഉണ്ടായില്ലെന്നും സഹതാപം ഇല്ലാത്തയാളാണ് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
രതിവൈകൃതങ്ങളോട് ആസക്തിയുള്ള പ്രതിയുടെ മൊബൈൽ ഫോണിൽ നിറയെ നീലച്ചിത്രങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെക്കൂടാതെ മറ്റു പ്രതികൾകൂടി ഉൾപ്പെട്ട കൂട്ടബലാത്സംഗമാവാം നടന്നതെന്ന സംശയത്തോട് പ്രതികരിക്കാൻ സി.ബി.ഐ. ഉദ്യോഗസ്ഥൻ തയ്യാറായില്ല.സഞ്ജയ് റായിക്ക് നുണപരിശോധന നടത്താൻ കൊൽക്കത്തയിലെ പ്രത്യേകകോടതി വെള്ളിയാഴ്ച അനുമതിനൽകിയതായി അധികൃതർ അറിയിച്ചു.