ധാക്ക :പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാരിൻ്റെ തീരുമാനം.ഇക്കാര്യം പാസ്പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ വിഭാഗം) അലി റെസ സിദ്ദിഖി പറഞ്ഞു.
ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പാസ്പോർട്ടുകളും റദ്ദാക്കുംഎത്ര പാസ്പോർട്ടുകൾ റദ്ദാക്കുമെന്ന കണക്ക് തന്റെ കയ്യിൽ ഇല്ലെന്ന് അലി റെസ സിദ്ദിഖി പറഞ്ഞു.
പാസ്പോർട്ട് വകുപ്പിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പക്കൽ കണക്കുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ബംഗ്ലദേശിലെ സിൽഹട്ട് നഗരത്തിൽ പ്രകടനത്തിനുനേരെ വെടിവയ്പ്‌പുണ്ടായ സംഭവത്തിൽ ഷെയ്ഖ് ഹസീനയ്ക്കും 86 പേർക്കും എതിരെ കേസെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 4നു ബംഗ്ലദേശ് നാഷനൽ പാർട്ടിയുടെ (ബിഎൻപി) റാലിക്കുനേരെ നടന്ന വെടിവയ്പിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഷെയ്ഖ് ഹസീനയ്ക്ക് എതിരായ കേസുകളുടെ എണ്ണം 33 ആയി. ഇതിൽ 27 എണ്ണവും കൊലപാതകക്കേസുകളാണ്.
ഹസീനയുടെ സഹോദരി ഷെയ്‌ഖ് രഹാന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഹസൻ മഹ്മൂദ്, മുൻ നിയമമന്ത്രി അനിസുർ റഹ്മാൻ, ഹസീനയുടെ ഉപദേശകനായിരുന്ന സൽമാൻ എഫ്. റഹ്മാൻ എന്നിവരും പ്രതികളാണ്.