Thursday, December 26, 2024
spot_img

സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ വ്യാജ ലോട്ടറി വില്‍പ്പന; 60 ആപ്പുകള്‍ക്ക് പൂട്ടിട്ട് കേരള പൊലീസ്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പ്പന നടത്തുന്ന ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് കേരള പൊലീസ്. ഇത്തരം 60 വ്യാജ ആപ്പുകള്‍ സൈബര്‍ പട്രോളിങ്ങിനെ തുടര്‍ന്ന് കണ്ടെത്തിയതായി കേരള പൊലീസ് അറിയിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി. ഇത്തരംതട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്ന വരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കും. വ്യാജ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫെയ്സ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയതായും കേരള പൊലീസ് അറിയിച്ചു.

സംസ്ഥാന ലോട്ടറി ഓൺലൈൻ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം മുതലായ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. കേരള സർക്കാർ ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാൽ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ലഭിക്കുക. സന്ദേശത്തിൽ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാൽ വാട്സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനൽകും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോൾ കൃത്രിമമായി നിർമ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാർ അയച്ചുനൽകുകയും ഫലം പരിശോധിക്കുമ്പോൾകൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

ഇതോടെ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കുന്നു. സർക്കാർ പ്രതിനിധിയെന്നുപരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ ഫോണിൽ വിളിക്കുകയും സമ്മാനത്തുക ലഭിക്കാൻ ജി എസ് ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യാൻആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പണം ട്രാൻസ്ഫർചെയ്തുകഴിയുമ്പോൾ റിസർവ്വ് ബാങ്ക്സമ്മാനത്തുകപിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതൽ പണംവേണമെന്നും ആവശ്യപ്പെടുന്നു. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമമായി നിർമ്മിച്ച രേഖകളും വീഡിയോകളും ഇരകൾക്ക് നൽകുന്നു. ഇത്തരത്തിൽ വളരെ വിശ്വസനീയമായിതോന്നിപ്പിക്കുന്ന രീതിയിൽ നടത്തുന്ന വ്യാജഭാഗ്യക്കുറിയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles

You cannot copy content of this page😂