കൊച്ചി : സീരിയലില്‍ നിന്നും അച്ഛനെ വിലക്കിയത് ആരാണെന്ന് അച്ഛന് വ്യക്തമായി അറിയാം. എനിക്കും അത് അറിയാം. ആ വ്യക്തിയെക്കുറിച്ച് പറഞ്ഞതിനാണ് അച്ഛന്റെ കാറൊക്കെ അടിച്ച് പൊളിച്ചതെന്നും മാതൃഭൂമി ന്യൂസിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സോണിയ തിലകന്‍ വ്യക്തമാക്കുന്നു.
ഈ സംഭവങ്ങള്‍ക്ക് പിന്നാലെ വീട്ടിലേക്ക് ഒരു ഭീഷണിക്കത്ത് വന്നിരുന്നു. നേരിട്ട് പറയാതെ മഹാഭാരത കഥ സൂചിപ്പിച്ചുകൊണ്ടായിരുന്നു ആ കത്ത്. ആ രീതിയിലൊക്കെ അച്ഛനെ മാനസികമായി തളർത്തി. ഹേമ കമ്മിറ്റി ആ പേര് പുറത്ത് പറയാത്തിടത്തോളം കാലം ഞാനും അതിനെക്കുറിച്ച് പറയുന്നില്ല. എങ്കിലും അവരൊക്കെ സമൂഹത്തിന്റെ തലപ്പത്തുണ്ട്.
എന്ത് തന്നെയാലും ഇവരുടെ പേരുകള്‍ എല്ലാം തന്നെ പുറത്ത് വിടണം എന്നുള്ളതാണ് എന്റെ ആഗ്രഹം. അച്ഛനോട് ഇറങ്ങിപ്പോടോ എന്ന് പറഞ്ഞ ഒരു വ്യക്തിയുണ്ട്. പതിനഞ്ച് അംഗ പവർ കമ്മിറ്റിയെന്ന് ഹേമ കമ്മീഷന്‍ പറഞ്ഞതിലെ ഒരു പ്രധാന വ്യക്തി തന്നെയാണ് അത്.
അച്ഛന്‍ മരിച്ചതിന് ശേഷം അദ്ദേഹത്തോടു ചെയ്ത കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്ന് പറഞ്ഞ് ഒരു പ്രധാന നടന്‍ തന്നെ വിളിച്ചിരുന്നു. എന്നാല്‍ ഈ നടന്‍ തന്നെ പിന്നീട് എന്നോട് മോശമായി പെരുമാറി. മോളെ എന്നൊക്കെ വിളിച്ച് ബഹുമാനത്തോടെയായിരുന്നു ആ വ്യക്തി ആദ്യം സംസാരിച്ചത്. പക്ഷേ പിന്നീട് എനിക്ക് വന്ന സന്ദേശങ്ങളില്‍നിന്ന് ഉദ്ദേശ്യം വേറെയാണെന്നു മനസ്സിലായി.
കാര്യങ്ങള്‍ ഫോണിലൂടെ സംസാരിക്കാം എന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ല, നേരിട്ട് പറയണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷെ ഞാന്‍ ഒഴിഞ്ഞു മാറി. മറ്റ് ആവശ്യങ്ങള്‍ക്കാണ് അദ്ദേഹം റൂമിലേക്ക് വിളിക്കുന്നതെന്ന് വ്യക്തമാണ്. സിനിമയുമായി അത്ര ബന്ധമില്ലാത്ത എനിക്ക് വരെ ഈ അനുഭവമുണ്ടായി. അതായത് ഞാന്‍ അവരുടെ സുഹൃത്തിന്റെ മകളാണെന്ന കാര്യം ഓർക്കണമെന്നും സോണിയ വ്യക്തമാക്കുന്നു.
ഇവരൊന്നും അറിയാതെ ഇവിടെ ഒരു ഇല പോലും അനങ്ങില്ല. അച്ഛന്‍ അദ്യമായി സിനിമ രംഗത്തെ വിഷയങ്ങള്‍ പുറത്ത് പറയുന്നത് 2010 ലാണ്. അച്ഛനുമായുള്ള പ്രശ്നങ്ങള്‍ നടക്കുന്ന സമയത്ത് സംഘടനയുടെ മീറ്റിങ് നടക്കുമ്ബോള്‍ പുറത്ത് ഏതാണ്ട് അറുപതിലേറെ ഗുണ്ടകളെ സജ്ജമാക്കി നിർത്തിയിരുന്നു. ഇത് ഒരു മാഫിയ ആണെന്ന് അന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആരും മുഖവിലയ്ക്ക് എടുത്തില്ല.
ആ സംഘടനയുടെ ബൈലോ പ്രകാരം ഇക്കാര്യങ്ങളൊന്നും പുറത്ത് പറയാന്‍ പാടില്ലെന്നാണ്. എന്നാല്‍ അച്ഛന്‍ അതെല്ലാം തുറന്ന് പറഞ്ഞു. സിനിമാക്കാരെ ഭയക്കേണ്ട കാര്യം എനിക്കില്ല. കുട്ടിക്കാലം മുതല്‍ തന്നെ ഞാന്‍ അവരെ കാണുന്നതാണ്. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പെരുമാറിയിരുന്നത്. വ്യക്തിപരമായ കാര്യങ്ങളും ഇവർ അച്ഛനുമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രശ്നം വന്നപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി.
ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിച്ച് തീർക്കേണ്ട വിഷയമാണ് ഈ നിലയിലേക്ക് എത്തിച്ചിരിക്കുന്നത്. അംഗങ്ങളെ പുറത്താക്കാനും പീഡകർക്ക് കൂട്ടുനില്‍ക്കാനുമാണോ ഈ സംഘടന. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ ഈ സംഘടന പിരിച്ചു വിടുകയാണ് വേണ്ടത്. സർക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ഒരാള്‍ ഒരു നല്ല ഷർട്ട് ഇട്ടു വന്നാല്‍ പോലും ഈഗോ കാരണം പുറത്താക്കുന്നതടക്കമുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളതായും സോണിയ കൂട്ടിച്ചേർക്കുന്നു.