▪️ബിഹാറിലെ അഗുവാനി-സുൽത്താൻഗഞ്ച് പാലം വീണ്ടും തകർന്നു
പട്‌ന: ഗംഗാ നദിക്ക് കുറുകെ ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന അഗുവാനി-സുൽത്താൻഗഞ്ച് പാലത്തിൻ്റെ ഒരു ഭാഗം തകർന്നു. മൂന്നാം തവണയാണ് നിർമാണത്തിനിടെ ഇതേ പാലത്തിൻ്റെ വിവിധ ഭാഗങ്ങൾ തകരുന്നതെന്ന് റോഡ് നിർമാണ വിഭാഗം (ആർസിഡി) ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുൽത്താൻഗഞ്ചിനും അഗുവാനി ഘട്ടിനും ഇടയിലുളള പാലത്തിൻ്റെ രണ്ട് തൂണുകളാണ് ഗംഗയിലേക്ക് തകർന്ന് വീണത്. 1710 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. എസ്പി സിംഗ്ല കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് പാലം നിർമിക്കുന്നത്.
കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് 3.11 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാലത്തിൻ്റെ മൂന്ന് തൂണുകൾ തകർന്നിരുന്നു. 2022 ഏപ്രിലിലും പാലത്തിൻ്റെ മറ്റൊരു ഭാഗം തകർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വടക്കൻ ബിഹാറിനെ തെക്കുമായി ബന്ധിപ്പിക്കുന്ന ഗംഗയ്ക്ക് കുറുകെയുള്ള ആറാമത്തെ പാലമാണിത്. സുൽത്തനാഗ്ജ്, ഖഗാരിയ, സഹർസ, മധേപുര, സുപൗൾ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണിത്. ഇത് ഗംഗാ നദിക്ക് കുറുകെ NH 31, NH 80 എന്നിവയെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
പാലം നിർമിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിക്ക് എതിരെ പലതരത്തിലുള്ള പിഴവുകൾ ഐഐടി-റൂർക്കിയിലെ വിദഗ്ധർ ചൂണ്ടികാണിച്ചെങ്കിലും പാലം പുനർനിർമിക്കാൻ ആർസിഡി നിർമാണ സ്ഥാപനത്തെ അനുവദിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിർമാണക്കമ്പനിക്കെതിരെ ബ്ലാക്ക് ലിസ്റ്റിങ് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാൻ വകുപ്പ് ആദ്യം നിർദേശിച്ചെങ്കിലും കൺസ്ട്രക്ഷൻ കമ്പനി പിന്നീട് പാലം പുനർനിർമിക്കാൻ തയ്യാറവുകയായിരുന്നു.
പട്‌ന ഹൈക്കോടതിയിലും നിർമാണക്കമ്പനിക്കെതിരെ പൊതുതാൽപ്പര്യ ഹർജി സമ്മർപ്പിച്ചിരുന്നു. വ്യക്തികൾ ഉന്നയിച്ച ഹർജികളും വകുപ്പ് അവഗണിക്കുകയായിരുന്നു. നിർമാണ സ്ഥാപനം പാലം നിർമിക്കാൻ നിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിക്കുന്നതായി ആരോപിച്ചായിരുന്നു പൊതുതാൽപര്യ ഹർജി സമ്മർപ്പിച്ചത്. ക്രമക്കേടുകളിൽ വകുപ്പ് ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ അറിയിച്ചു.