തിരുവനന്തപുരം: ന്യൂഡൽഹി:സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും.70മത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമാണ് ഒരേ ദിവസം നടക്കുന്നത്.2022ലെ പുരസ്കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. ഉച്ചക്ക് മൂന്നിനാണ് പ്രഖ്യാപനം. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം രാവിലെ 11 മണിക്ക് നടക്കും. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡില്‍ പരിഗണിക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡില്‍ മികച്ച നടനുള്ള പുരസ്കാരത്തില്‍ മലയാളി താരം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്ന് വാർത്തകള്‍ വന്നിരുന്നു. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളുടെ മികവിന് മമ്മൂട്ടിയും കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയും മത്സരിക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയയിലടക്കമുയരുന്ന ചർച്ച. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിംഗ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അൻപതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്.