കൊച്ചി: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണം എന്നതടക്കമുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ചോദിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതും നടപടികള്‍ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഉള്ളതെന്നും കോടതി ചോദിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി റിപ്പോര്‍ട്ട് തേടുകയും ചെയ്തു.കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണം. ഏതൊക്കെ പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്‍ബലമായവയെന്ന് കണ്ടെത്തണം. ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണം. ക്വാറികള്‍ക്കും മറ്റും അനുമതി നല്‍കേണ്ടത് ഇതിന്റെ അടിസ്ഥാനത്തില്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നയങ്ങളും ചട്ടങ്ങളും മാറ്റേണ്ടതുണ്ട്. നയം മാറ്റത്തിനായി ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകൾ പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവരെ കക്ഷി ചേർക്കുകയും ചെയ്തു. സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസിൽ അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചു. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെയാണ് അമിക്കസ് ക്യൂറി ആയി ചുമതലപ്പെടുത്തിയത്. എല്ലാ വെള്ളിയാഴ്ചയും കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.