ഗാസയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ ആഗോള തലത്തില്‍ വ്യപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലും സയണിസ്റ്റ് ഭരണകൂടത്തിന് 2000 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക. യുദ്ധവിമാനങ്ങളും സൈനികോപകരണങ്ങളും ഉള്‍പ്പെടെ ഇസ്രയേലിന് വില്‍ക്കാനുള്ള കരാറിന് ചൊവ്വാഴ്ചയാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അനുമതി നല്‍കിയത്. പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷസാധ്യതകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം.എഫ്-15 ജെറ്റുകള്‍ ഉള്‍പ്പെടെയാണ് അമേരിക്ക വില്‍ക്കാന്‍ ഒരുങ്ങുന്നത്. അതില്‍ യുദ്ധടാങ്കുകള്‍ക്കുള്ള കാട്രിഡ്ജ്, മോര്‍ട്ടാര്‍ കാട്രിഡ്ജ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിന് വര്‍ഷങ്ങളെടുക്കും എന്നതിനാല്‍ 2029-ലേക്കാകും എഫ് 15 ജെറ്റുകള്‍ കൈമാറുക. എന്നാല്‍ ബാക്കി സൈനികോപകരണങ്ങള്‍ 2026- ഓടുകൂടിയോ അതിനുമുന്‍പോ നല്‍കുമെന്നും യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ അറിയിച്ചു.‘ഇസ്രയേലിന്റെ സുരക്ഷയ്ക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്, ശക്തവും സജ്ജമായതുമായ സ്വയം പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഇസ്രയേലിനെ സഹായിക്കേണ്ടത് യുഎസ് ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്’ എന്നാണ് തീരുമാനത്തിന് പിന്നാലെ പെന്റഗണ്‍ പ്രതികരിച്ചത്. അമേരിക്കയുടെ സഹായത്തിന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും സമൂഹമാധ്യമായ എക്സിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.