പാരിസ് ഒളിംപിക്‌സ് ഗുസ്‌തിയിൽ വെള്ളി മെഡൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ തള്ളി. രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയുടേതാണ് തീരുമാനം. ഇതോടെ വിനേഷിനും അതുവഴി ഇന്ത്യയ്ക്കും ഒരു മെഡൽകൂടി ലഭിക്കുമെന്ന പ്രതീക്ഷ അവസാനിച്ചു.
ഒളിംപിക്സിന് തിരശീല വീണിട്ടും ഇന്ത്യയ്ക്കുണ്ടായിരുന്ന മെഡൽ പ്രതീക്ഷയ്ക്ക് നിരാശയോടെ അന്ത്യം. ഒളിംപിക്സ‌് ഗുസ്‌തി 50 കിലോ ഫൈനലിലെത്തിയശേഷം ശരീരഭാരം 100 ഗ്രാം കൂടിയെന്ന കാരണത്താലാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത പ്രഖ്യാപിച്ചത്. തുടർന്നാണ് വെള്ളി മെഡലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി വിനേഷ് രാജ്യാന്തര കായിക കോടതിയെ സമീപിച്ചത്. അയോഗ്യതാ രേഖകളും ഗുസ്‌തി നിയമാവലിയും പരിശോധിച്ച കോടതി തീരുമാനം മൂന്നുതവണ മാറ്റിവയ്ക്കുകയും ഒടുവിൽ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു.
നിയമപ്രകാരമാണ് വിനേഷിനെ അയോഗ്യയാക്കിയതെന്ന ഒളിംപിക്സ് കമ്മിറ്റിയുടേയും രാജ്യാന്തര ഗുസ്‌തി ഫെഡറേഷന്റേയും തീരുമാനം കോടതി ശരിവച്ചു. അതേസമയം, കോടതി തീരുമാനം ഞെട്ടിക്കുന്നതാണെന്നായിരുന്നു ഇന്ത്യൻ ഒളിംപിക്സ‌് അസോസിയേഷൻ പ്രസിഡൻ്റ് പിടി ഉഷയുടെ പ്രതികരണം. തീരുമാനത്തിനെതിരെ അപ്പീൽ പോകുന്നതടക്കം കാര്യങ്ങൾ അസോസിയേഷൻ പരിഗണിക്കുന്നുണ്ട്.