സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അപമാനിച്ചെന്ന് ആക്ഷേപം. രാഹുല്‍ ഗാന്ധിയെ പിന്‍നിരയില്‍ ഇരുത്തിയെന്നാണ് ഉയരുന്ന ആക്ഷേപം. ലോക്സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രോട്ടോകോള്‍ പ്രകാരം മുന്‍നിരയിലാണ് രാഹുലിന് സീറ്റ് ക്രമീകരിക്കേണ്ടിയിരുന്നതെന്നും ചൂണ്ടികാട്ടുന്നു.പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഒരു പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. ഒളിംപിക്‌സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പം പിന്നില്‍ നിന്നും രണ്ടാമത്തെ വരിയിലാണ് രാഹുലിന്‍റെ സീറ്റ്. ഏറ്റവും മുന്‍ നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവരായിരുന്നു. ഇവര്‍ക്കൊപ്പമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രിമാരുടെ അതേ റാങ്കുള്ള പ്രതിപക്ഷ നേതാവിനെ പിന്നില്‍ ഇരുത്തിയതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.അടല്‍ ബിഹാരി വാജ്‌പോയുടെ കാലത്ത് അന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന സോണിയാ ഗാന്ധിക്ക് സീറ്റൊരുക്കിയിരുന്നത് മുന്‍നിരയിലായിരുന്നുവെന്നും ചിലര്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ ഒളിംപിക്‌സ് താരങ്ങള്‍ക്ക് സീറ്റൊരുക്കാനാണ് രാഹുലിനെ രണ്ടാം നിരയില്‍ ഇരുത്തിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. സീറ്റ് ക്രമീകരിച്ചതിന്റെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണ്.