ധാക്ക∙ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലദേശ്. ബംഗ്ലദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് എന്നയാൾ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലാണു ഹസീനയ്ക്കെതിരെ കുറ്റം ചുമത്തിയത്. ഹസീനയ്ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി അനുമതി നൽകി.
ഷെയ്ഖ് ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്മാൻ ഖാൻ കമൽ, മുൻ പൊലീസ് ഇൻസ്പെക്ടർ ജനറൽ ചൗധരി അബ്ദുല്ല അൽ മാമൂൻ എന്നിവരുൾപ്പെടെ 6 പേരും കേസിൽ പ്രതികളാണ്. അബു സെയ്ദിന്റെ പരിചയക്കാരൻ അമീർ ഹംസ ഷട്ടീലാണ് കോടതിയെ സമീപിച്ചത്. ഹസീന ബംഗ്ലദേശ് വിട്ടതിനുശേഷം അവരുടെ പേരിൽ ചുമത്തപ്പെടുന്ന ആദ്യത്തെ കേസാണിത്.