ശക്തമായ ഏകാധിപത്യ ഭരണം നിലനിൽക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ മറ്റു കാര്യങ്ങൾ പോലെ തന്നെയാണ് അവിടത്തെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വകാര്യജീവിതവും. കിമ്മിന്റെ ബന്ധുക്കളെപ്പറ്റിയൊന്നുമുള്ള വിവരങ്ങളൊന്നും ലോകത്തിനു പൂർണമായി അറിഞ്ഞുകൂടാ.ഉത്തരകൊറിയയെ മൊത്തത്തിൽ നിയന്ത്രിച്ചുള്ള കുടുംബഭരണം എത്രനാൾ പോകുമെന്ന കൗതുകവും ലോകത്തിനുണ്ട്. കിം ജോങ് ഉന്നിനു ശേഷം ആരായിരിക്കും ഉത്തര കൊറിയ ഭരിക്കുക. സഹോദരിയായ കിം യോ ജോങ്ങാകും അടുത്ത ഭരണാധികാരിയെന്നതായിരുന്നു പൊതുവെയുള്ള അഭ്യൂഹം.എന്നാൽ ഇപ്പോൾ കളം മാറിമറിയുകയാണ്. കിമ്മിനു ശേഷം അധികാരത്തിലേക്ക് എത്തുക കിമ്മിന്റെ മകളായിരിക്കുമെന്നതാണ് ഇപ്പോൾ രാജ്യാന്തരതലത്തിൽ പല ഇന്റലിജൻസ് റിപ്പോർട്ടുകളും പറയുന്നത്.കിം ജോങ് ഉന്നിന്റെ മക്കളിൽ രണ്ടാമത്തെയാളെന്നു കരുതുന്ന ജു എ കൊറിയയുടെ അടുത്ത ഭരണാധികാരിയാകാൻ സാധ്യതയുണ്ടത്രേ. ജുഎയ്ക്ക് വയസ്സ് പതിനൊന്നിനടുത്തുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അധികം സംസാരിക്കുന്ന പ്രകൃതമല്ലത്രേ ഈ കുട്ടി.കിം ജോങ് ഉൻ മകളുമായി പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം 2022ൽ സർക്കാർ പുറത്തുവിട്ടിരുന്നു. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാണു ഇരുവരുമെത്തിയത്. വെളുത്ത ജാക്കറ്റും ചുവന്ന നിറമുള്ള ഷൂസും ധരിച്ച് പിതാവിന്റെ കൈപിടിച്ചു നീങ്ങുന്ന മകളുടെ പേരോ മറ്റു വിവരങ്ങളോ അന്നു പുറത്തുവിട്ടിട്ടില്ലഎന്നാൽ താമസിയാതെ വിവരങ്ങൾ അറിഞ്ഞു…ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് വിഭാഗമാണ് വിവരങ്ങളൊക്കെ ചോർത്തിയെടുത്തത്. കിംജോങ് ഉന്നിന്റെ ഓരോ ചിത്രവും പുറത്തിറങ്ങുന്നത് ഒട്ടേറെ അഭ്യൂഹങ്ങളോടെയും മറ്റുമാണ്. ഇത്രനാളും ചിത്രങ്ങളോ മറ്റോ വെളിയിൽ വിടാതെയിരുന്ന ശേഷം, ഇപ്പോൾ മകളെ ലോകത്തിനു പരിചയപ്പെടുത്തിയതിനു പിന്നിലെ രഹസ്യം വിദഗ്ധർ പണ്ടേ തിരയുന്നുണ്ട്.ഒരു പക്ഷേ തനിക്കു ശേഷം കൊറിയയുടെ ഭരണാധികാരിയാകുന്നത് തന്റെ മകളായിരിക്കുമെന്ന സന്ദേശമാണ് കിം ജോങ് ഉൻ ഈ ചിത്രത്തിലൂടെ നൽകിയതെന്ന് അന്നേ അഭ്യൂഹം കനത്തിരുന്നു.ഇപ്പോൾ പലപ്പോഴും ജുഎ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഉത്തര കൊറിയയുടെ ദേശീയ ദിനപത്രത്തിലും ഈ കുട്ടിയെക്കുറിച്ച് ഫീച്ചറുകളും മറ്റും വന്നിരുന്നു. ഇതെല്ലാം ഭരണാധികാരിയെന്ന വഴി മകൾക്കു തുറന്നുകൊടുക്കാനായുള്ള കിമ്മിന്റെ തന്ത്രമാണെന്നാണ് ചില വിദഗ്ദരുടെ അഭിപ്രായം. എന്നാൽ കിമ്മിനു ശേഷം മകൾ അധികാരത്തിൽ വരുന്നതിനെ ഉത്തര കൊറിയൻ സമൂഹം അംഗീകരിക്കുകയില്ലെന്നും പറയപ്പെടുന്നുണ്ട്. ആൺമക്കളിലേക്ക് അധികാരം കൈമാറിയതാണ് ഉത്തരകൊറിയയുെട ഇതുവരെയുള്ള ചരിത്രം.